തൃശൂർ: പ്രമേഹത്തെത്തുടർന്ന് കാൽപാദവും വിരലുകളും മുറിച്ചുമാറ്റാതെ സംരക്ഷിക്കാമെന്നും ചലനശേഷി നഷ്ടപ്പെടുംമുന്പ് മൈക്രോന്യൂറൽ ശസ്ത്രക്രിയയും ഓക്സിജൻ തെറാപ്പിയും നൽകി രക്തചംക്രമണവും ചലനശേഷിയും വീണ്ടെടുക്കാമെന്നും ജൂബിലി മിഷൻ മെഡിക്കൽ കോളജ് പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. കെ.എം. പ്രദ്യോത്.
മൈക്രോസ്കോപിക് ശസ്ത്രക്രിയയിലൂടെ അതിസൂക്ഷ്മ രക്തക്കുഴലുകളും മറ്റും പുനഃസ്ഥാപിച്ച് വിരലിനെ പ്രവർത്തനക്ഷമമാക്കാം. ഇതിനുപുറമെ ഹൈപർബാറിക് ഓക്സിജൻ തെറാപ്പിയിലൂടെ രക്തചംക്രമണം നിലയ്ക്കാറായ ശരീരഭാഗത്തേക്കും ശരീരത്തിന്റെ എല്ലാ കോശങ്ങളിലേക്കും അതിസൂക്ഷ്മ രക്തധമനികളിലേക്കും കൂടുതൽ ഓക്സിജൻ നൽകാം. ഈ സംവിധാനം ദക്ഷിണേന്ത്യയിൽ ആദ്യമായി ആരംഭിച്ചത് 2011ൽ ജൂബിലി മിഷനിലാണ്. ഇന്ത്യയിൽ അന്പതോളം ആശുപത്രികളിൽമാത്രമാണ് ഈ സംവിധാനമുള്ളത്.
പ്ലാസ്റ്റിക് സർജറിയിൽ കോസ്മറ്റിക് സർജറി മാത്രമാണ് ജനത്തിനു പരിചിതം. അറ്റുപോകുകയോ കൈയിലെ മാംസം നഷ്ടമാകുകയോ ചെയ് താൽ പൂർവസ്ഥിതിയിലാക്കുന്ന ഹാൻഡ് സർജറി, മൈക്രോ ന്യൂറൽ സർജറി, പ്രമേഹത്തെത്തുടർന്നു വിരൽ മുറിക്കേണ്ട സാഹചര്യം മറികടക്കാനുള്ള റികണ്സ്ട്രക്ടീവ് സർജറി, തീപ്പൊള്ളൽ ശസ്ത്രക്രിയ, മുറിച്ചുണ്ട്- മുറിയണ്ണാക്ക് ശസ്ത്രക്രിയ എന്നിങ്ങനെയും വിഭാഗ ങ്ങളുണ്ട്.
മാംസവും അതിസൂക്ഷ്മ രക്തക്കുഴലുകളും ചേർത്തുവച്ച് കൈയോ വിരലോ പുനഃസ്ഥാപിക്കാൻ 15 മണിക്കൂറോളം നീളുന്ന ശസ്ത്രക്രിയ വേണ്ടിവരും. എത്രയുംവേഗം ശസ്ത്രക്രിയ നടത്തിയാലേ ഫലമുണ്ടാകൂ.
ഒന്നരവർഷം വൈകിയാൽ രോഗമുക്തി പ്രയാസമാകും. പ്ലാസ്റ്റിക് സർജറിയിലൂടെ രോഗമുക്തി നേടാമെന്നു രോഗികളും ബന്ധുക്കളും വൈകിയാണു തിരിച്ചറിയുകയെന്നും ഡോ. പ്രദ്യോത് പറഞ്ഞു.